നീലത്തിമിംഗലം


കടലില്‍ ജീവിക്കുന്ന ഒരു സസ്തനിയാണ് നീലത്തിമിംഗലം. ബലീന്‍ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ. ലോകത്ത് ഇന്നുവരെയുള്ളതില്‍ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പെടുന്ന നീലത്തിമിംഗലങ്ങള്‍ക്ക് 33 മീ. നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലര്‍ന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറം കുറവാ‍യിരിക്കും. നീലത്തിമിംഗലങ്ങള്‍ക്ക് കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീലത്തിമിംഗലങ്ങള്‍ എല്ലാ മഹാസമുദ്രങ്ങളിലും ധാരാളമായുണ്ടായിരുന്നു. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍‌തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു. 1966-ല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു.

കൂടുതല്‍ വായിക്കുക...