കാര്‍ഗില്‍ യുദ്ധംകശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സായുധപോരാട്ടത്തെയാണ് കാര്‍ഗില്‍ യുദ്ധം അഥവാ കാര്‍ഗില്‍ പോരാട്ടം,(I) എന്നു വിളിക്കുന്നത്. കാശ്മീരില്‍ ഇന്ത്യയും പാകിസ്താനും തത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീര്‍ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്ഥാന്‍ ആദ്യം യുദ്ധം കശ്മീര്‍ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കി.