ഇലക്ട്രോൺ



ഋണചാർജ്ജുള്ള ഒരു ഉപാണവകണമാണ്‌ ഇലക്ട്രോൺ. ആന്തരഘടനയൊന്നുമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇതിനെ മൗലികകണങ്ങളിലൊന്നായി കണക്കാക്കുന്നു. ഇലക്ട്രോണിന്റെ നിശ്ചലപിണ്ഡം പ്രോട്ടോണിന്റേതിന്‌ 1836-ൽ ഒരു ഭാഗം മാത്രമാണ്‌. സ്പിൻവില പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ (ħ) പകുതിയായതിനാൽ ഇലക്ട്രോൺ ഒരു ഫെർമിയോൺ ആണ്‌. ഇലക്ട്രോണിന്റെ പ്രതികണമായ പോസിട്രോൺ വിപരീത ചാർജ്ജുകളുള്ളതും മറ്റുതരത്തിൽ സമാനമായതുമായ കണമാണ്‌. ഇലക്ട്രോണും പോസിട്രോണും തമ്മിൽ ഘട്ടനം നടക്കുകയാണെങ്കിൽ അവ വിസരിതമാവുകയോ കൂടിച്ചേർന്ന് ഗാമ രശ്മികൾ പുറപ്പെടുവിച്ച് ഇല്ലാതാവുകയോ ചെയ്യാം. ഒന്നാം തലമുറയിലെ ലെപ്റ്റോണുകളായ ഇലക്ട്രോണുകൾ ഗുരുത്വാകർഷണം, വിദ്യുത്കാന്തികബലം, ദുർബല അണുകേന്ദ്രബലം എന്നിവ വഴി പ്രതിപ്രവർത്തിക്കുന്നു. എല്ലാ ദ്രവ്യത്തെയും പോലെ ഇലക്ട്രോണുകളും ക്വാണ്ടം സ്വഭാവമായ കണികാ-തരംഗ ദ്വൈതസ്വഭാവം പ്രകടിപ്പിക്കുന്നു. അതിനാൽ അവയ്ക്ക് മറ്റ് കണങ്ങളുമായി ഘട്ടനം നടത്താനും പ്രകാശത്തെപ്പോലെ വിഭംഗനത്തിന്‌ വിധേയമാകാനും സാധിക്കുന്നു.
കൂടുതൽ വായിക്കുക...