റോമന്‍ റിപ്പബ്ലിക്ക്പുരാതന റോമന്‍ സംസ്കാരത്തിലെ ഒരു പ്രത്യേകഘട്ടത്തിലെ ഭരണ കാലമാണ് റോമന്‍ റിപ്പബ്ലിക്ക് (Roman Republic). റോമുലുസിന്റേയും പിന്‍‌ഗാമികളുടേയും എട്രൂസ്കന്‍ രാജാക്കന്മാരായിരുന്ന ടാര്‍ക്വിന്‍ രാജാക്കന്മാരുടേയും ഏകാധിപത്യത്തിന്റെ അവസാനത്തോടെ (ക്രി.മു. 509)‍ഒരു ചെറിയ രാജ്യം മാത്രമായിരുന്ന റോം അയല്‍ പ്രദേശങ്ങള്‍ കീഴടക്കി അതിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ഇക്കാലമത്രയും ഗണതന്ത്ര വ്യവസ്ഥ പിന്തുടരുകയും പിന്നീട് നിരവധി അഭ്യന്തര ലഹളകളിലൂടെയും ഏകാധിപതികളായ നേതാക്കളുടെ കൈകളിലൂടെ റോമാ സാമ്രാജ്യം ആയിത്തിരുകയും (ക്രി.മു. 27) ചെയ്യുന്നതുവരെയുള്ള കാലഘട്ടത്തെയാണ് റിപ്പബ്ലിക്ക് എന്ന് പറഞ്ഞുവരുന്നത്. മാസിഡോണിയയില്‍ അലക്സാണ്ടറുടെ കാലത്തിനു മുന്‍പേ റോമില്‍ ഇതിന്റെ പ്രക്രിയകള്‍ ആരംഭിച്ചിരുന്നു; അതിനുശേഷം വന്ന ഹെല്ലനിക് കാലഘട്ടത്തിലാണ്‌ ഇത് റോമില്‍ ശക്തിപ്പെട്ടുവന്നത് .