ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി



ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തില്‍ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിര്‍മ്മിക്കപ്പെട്ട ദൂരദര്‍ശിനിയാണ് ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി. എഡ്വിന്‍ ഹബിള്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓര്‍മ്മക്കായാണ് ഈ ദൂരദര്‍ശിനിക്ക് ഹബിള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിലായുള്ള ഹബിളിന്റെ സ്ഥാനം ഭൂമിയിലെ ദൂരദര്‍ശിനികള്‍ക്ക് അപ്രാപ്യമായ ഗുണങ്ങള്‍ ലക്ഷ്യം വച്ചുള്ളതാണ്. ഇതുമൂലം ദൃശ്യങ്ങള്‍ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം മൂലം മങ്ങിക്കാണില്ല, ദൃശ്യപശ്ചാത്തലം വായുവില്‍ വിസരിതമാകില്ല എന്നതിനൊക്കെപ്പുറമേ ഭൂമിയില്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയാല്‍ തടയപ്പെടുന്ന അതിനീലലോഹിത രശ്മികള്‍ ഹബിളിനു തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യുന്നു. 1990-ല്‍ നടന്ന ഹബിളിന്റെ വിക്ഷേപണത്തോടു കൂടി ജ്യോതിശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഉപകരണം ജ്യോതിശാസ്ത്രജ്ഞര്‍ക്കു ലഭിച്ചു, ഭൗതികജ്യോതിശാസ്ത്രത്തില്‍ നാഴികകല്ലുകളായ ഒട്ടനവധി കണ്ടുപിടുത്തങ്ങള്‍ അതുവഴി നടക്കുന്നുണ്ട്.