തിരുവനന്തപുരം


കേരള സംസ്ഥാനത്തിന്‍റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറന്‍ തീരത്ത് തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേര്‍ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും.