മാര്‍ത്താണ്ഡവര്‍മ്മ


തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന (1729-1758) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ (ഇംഗ്ലീഷില്‍ Marthanda Varma) കേരളത്തിലെ രാജാക്കന്മാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്ന ഒരു വ്യക്തിയാണ്. കേരള ചരിത്രത്തില്‍ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും ആധുനിക യുഗത്തിന്റെ പിറവിയേയുമാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും നടുക്കും ഉള്ള ഭാഗങ്ങളെ ചേര്‍ത്ത്‌ ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയില്‍ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും അദ്ദേഹമാണ്‌. പലതായി ചിതറിക്കിടന്നിരുന്ന രാജ്യങ്ങളെ ഒന്നാക്കി തിരുവിതാംകൂര്‍ മഹാരാജ്യം പടുത്ത അദ്ദേഹം യുദ്ധ തന്ത്രജ്ഞത കൊണ്ടും, ജന്മിത്വം അവസാനിപ്പിച്ച രാജാവ് എന്ന നിലയിലും പ്രസിദ്ധനാണ്. കുളച്ചല്‍ യുദ്ധം മാര്‍ത്തണ്ഡ വര്‍മ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. പത്മനാഭ സ്വാമിയുടെ ഭക്തനായ അദ്ദേഹം അവസാനം രാജ്യം ഭഗവാന് സമര്‍പ്പിച്ച രേഖകള്‍ ആണ് തൃപ്പടിത്താനം (തൃപ്പടി ദാനം) എന്നറിയപ്പെടുന്നത്.